ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം തിരുവിതാംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തിയായതിനാല്‍ ചുങ്കം പിരിക്കുന്നതിനായി ചാത്തനാട്, പുളിങ്ങനാട്, കടക്കര, കെടാമംഗലം, എട്ടിയോടം എന്നിവിടങ്ങളില്‍ ചൌക്കകള്‍ സ്ഥാപിച്ചിരുന്നതിന്റെ അവശിഷ്ടം കാണാം. തെക്ക് പുളിങ്ങനാട് മുതല്‍ വടക്ക് കിഴക്കെ മൂലയായ എട്ടിയോടം വരെ സഞ്ചരിക്കാന്‍ യോഗ്യമായ പറവൂര്‍ ബണ്ട് എന്ന ഒരു തീരദേശനടപ്പാത അന്നുണ്ടായിരുന്നു. തിരു-കൊച്ചി സംയോജനത്തിനുശേഷം ചൌക്കകള്‍ ഇല്ലാതായതോടെ ഈ റോഡ് ഉപയോഗശൂന്യമായി. ജലഗതാഗതത്തെ ആശ്രയിച്ചായിരുന്നു പണ്ടുകാലത്തെ യാത്ര. എന്നാല്‍ ചാത്തനാട്-പറവൂര്‍ റോഡ് നിലവില്‍ വന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്. പഞ്ചായത്തിന്റെ പേര് ആഴിയുമായി ബന്ധപ്പെട്ട കര എന്നര്‍ത്ഥത്തില്‍ ആഴിക്കര പരിണമിച്ച് ഏഴിക്കരയായതാണെന്നു പറയപ്പെടുന്നു. കടലില്‍നിന്നു രൂപം കൊണ്ട കര എന്ന നിഗമനത്തിനു പ്രസക്തിയുള്ള കടല്‍+കര യില്‍ നിന്നും ആയിരിക്കാം എന്നും പറയപ്പെടുന്നു. കുടിപള്ളിക്കൂടങ്ങളാണ് പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തറമേല്‍ ഗോവിന്ദ പണിക്കര്‍ ചിറ്റേപ്പറമ്പില്‍ സംഭാവനയായി നല്‍കിയ 29 സെന്റ് സ്ഥലത്താണ് ആദ്യമായി ഒരു സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് നൂറു വര്‍ഷം മുമ്പ് ഇതേകാലത്തു തന്നെ കൊടാമംഗലത്തും നന്ത്യാട്ടുകുന്നത്തും സ്ക്കൂളുകള്‍ ആരംഭിച്ചു. ഈ പഞ്ചായത്തിലെ ഒരേയൊരു ഹൈസ്ക്കൂളാണ് ഏഴിക്കര ഗവ. ഹൈസ്ക്കൂള്‍. ജന്മി-നാടുവാഴി സാമൂഹ്യ വ്യവസ്ഥയാണ് ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നത്. ഏതാനും നായര്‍ തറവാട്ടുകാരുടെയും ദേവസ്വങ്ങളുടെയും പുറംപ്രദേശത്തുള്ള ജന്മിമാരുടെയും വകയായിരുന്നു ഭൂമി. ഭൂവുടമകള്‍ കൃഷിഭൂമിയില്‍ നേരിട്ടു പണി എടുത്തിരുന്നില്ല. തൊഴിലെടുത്തിരുന്നത് കര്‍ഷക തൊഴിലാളികളായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനമാണുണ്ടായിരുന്നത്. ആചാരാനുഷ്ഠാനങ്ങളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. തെക്കും വടക്കുമുള്ള ശാസ്താ ക്ഷേത്രങ്ങള്‍, ചിറ്റേപ്പറമ്പ് കുടിയാകുളങ്ങര ഭഗവതി ക്ഷേത്രങ്ങള്‍ എന്നിവ സവര്‍ണ്ണ ഹിന്ദുക്കളുടെ ആരാധനാലയങ്ങളായിരുന്നങ്കില്‍ അവര്‍ണ്ണ ഹിന്ദു ജനങ്ങളുടെ ആരാധനാലയങ്ങള്‍ കാളികുളങ്ങര, നീണ്ടൂത്തറ, പുളിയാംപിള്ളി, തിയ്യപറമ്പ് തുടങ്ങിയവയായിരുന്നു. ക്ഷേത്രപ്രവേശനത്തോടെ ഇതിനെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ക്രൈസ്തവ ദേവാലയമായി 200 കൊല്ലങ്ങള്‍ക്കുമുമ്പ് വിന്‍സെന്റ് റഫര്‍ എന്ന വിശുദ്ധന്റെ നാമധേയത്തില്‍ കേരളത്തില്‍ ആദ്യമായുണ്ടായത് ചാത്തനാട് പള്ളിയാണ്. 200-ഓളം കൊല്ലത്തെ പഴക്കമുള്ള മുസ്ളീം ദേവാലയമായ കെടാമംഗലം ജുമാ മസ്ജിദ് തുടങ്ങിയവയും പ്രധാന ആരാധനാലയങ്ങളാണ്. സ്വാതന്ത്ര്യസമര പ്രക്ഷോഭണത്തിന്റെ ഭാഗമായുള്ള സമരങ്ങളില്‍ വജ്രക്കുറുപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന നെല്പാടത്ത് ചന്ദ്രശേഖരക്കുറുപ്പ് ഉള്‍പ്പെടെ നിരവധി പേര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിരുന്നു. അദ്ധ്യാപകനെന്ന നിലയിലും തുടര്‍ന്ന് എ.ഇ.ഒ എന്ന നിലയിലുമൊക്കെ പ്രവര്‍ത്തിച്ച് അദ്ധ്യാപക പുരസ്കാരത്തിനര്‍ഹനായ ഇടയാട്ടില്‍ ഇ.കെ.പരമേശ്വരന്‍ പിള്ള പഞ്ചായത്തിലെ ആദരണീയനായ വ്യക്തിയാണ്.ഏഴിക്കര ഗ്രാമപഞ്ചായത്ത് ജലാശയങ്ങളാൽ ചുറ്റപ്പെട്ട  ഗ്രാമമാണ് ഏഴിക്കര.